Thursday, February 16, 2006

ഫ്രീ റൈഡ്

ബാം‌ഗ്ലൂരിലെ പട്ടികളുടെ കഥ ശ്രീജിത്ത് എഴുതിയത് വായിച്ചപ്പോള്‍
മുന്‍‌കാല ബാം‌ഗ്ലൂരിയനായ എനിക്കും ഒരു പട്ടിക്കഥ ഓര്‍മ്മ വന്നു.
കഥയെഴുത്ത് വശമില്ലാത്തതു കൊണ്ട് നേരേ കാര്യത്തിലേക്ക് കടക്കാം..

സംഗതി ഏതാണ്ട് ഇപ്രകാരമാണ്‌.

റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ കാമ്പസില്‍
ഒരു കാലത്ത് എണ്ണമറ്റ പട്ടികള്‍ റ്റാറ്റാ പറഞ്ഞു കളിച്ചുല്ലസിച്ച് അര്‍മാദിച്ചിരുന്നു.
മെസ് ഹാളിനു മുന്നില്‍, ഡിപ്പാര്‍ട്ട്മെന്റുകള്‍‍, ടീ&കോഫി ബോര്‍ഡുകള്‍, ഹോസ്റ്റലുകള്‍,
ജിംഘാന, സ്വിമ്മിങ്ങ് പൂള്‍ എന്നു വേണ്ട സകല മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും പട്ടികള്‍..പട്ടികള്‍...പട്ടികള്‍..

സീസണല്‍ ഉന്മാദം പിടിപെടുന്ന സമയത്ത് ഇവറ്റകള്‍ “ലജ്ജാവതിയേ“ പാടിത്തിമിര്‍ത്ത്
ഒട്ടിപ്പോ മട്ടില്‍ കാണപ്പെട്ടത് ചിലരിലെങ്കിലും ലജ്ജയുളവാക്കി.

പട്ടിശല്യം സഹിക്കാഞ്ഞ് ഒരു സുഹൃത്ത് പെട്ടെന്ന് കാര്‍ട്ടൂണിസ്റ്റ് വരെ ആയി.
മൂപ്പരു വരച്ച കാര്‍ട്ടൂണ്‍ ഏതാണ്ട് ഈ വിധത്തിലായിരുന്നു.
രംഗം ടീ-ബോര്‍ഡ് (അഥവാ ചായക്കട).
കസേരകളിലും, മരച്ചോട്ടിലും ഒക്കെയായി ‘പയലുകളും ജൌളികളും‘
പെപ്സി, കോക്ക്, ചായ എന്നീ പാനീയവഹകളും,
പഫ്സ്, സമോസ മുതലായ ഗുമ്മന്‍ പലഹാരങ്ങളും അകത്താക്കുന്നു.
ഈ മനോഹര പശ്ചാത്തലത്തില്‍ ഒരു ശുനകന്‍ തന്റെ സ്വതസിദ്ധമായ
ശൈലിയില്‍ ഒഴിഞ്ഞ പെപ്സി കുപ്പിയിലേക്ക് ഉന്നം പിടിച്ച് “ശൂ” വെയ്ക്കുന്നു!!

കാര്‍ട്ടൂണിന്റെ പകര്‍പ്പുകള്‍, കാമ്പസിന്റെ മര്‍മ്മ പ്രധാനമായ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

ബഹുരാഷ്ട്രകുത്തകക്കു മേല്‍ ചാവാലിശുനകന്റെ പ്രതിഷേധപ്പെടുക്കല്‍ ആയി കാര്‍ട്ടൂണ്‍ വിലയിരുത്തപ്പെടുകയും കാമ്പസിലെ ശുനകശല്യത്തെ വരച്ചുകാട്ടുകയെന്ന സുപ്രധാന ഐറ്റം നമ്പര്‍ പരാജയമാവുകയും ചെയ്താലോ
എന്ന് കാര്‍ട്ടൂണിസ്റ്റ് ശശി വല്ലാതെ ആശങ്കപ്പെട്ടിരുന്നു.

പക്ഷെ, കാര്‍ട്ടൂണ്‍ കുറിക്ക് കൊണ്ടു.
പരാതികള്‍ പിന്നാലെ ചെന്നു കൊണ്ടു.
ശുനകപ്രശ്നത്തില്‍ ഒരു തീര്‍പ്പ് കല്‍പ്പിക്കാന്‍ അധികാരവര്‍ഗം തീരുമാനമെടുത്തു.

ദിവസങ്ങള്‍ പലതായി കടന്നു പോകുന്നതിനിടയില്‍ ഒരു ദിവസം,
കോര്‍പ്പറേഷന്‍ വക വാഹനം വലിയ ഒച്ചയും ബഹളവുമൊക്കെയുണ്ടാക്കി
കാമ്പസില്‍ കിതച്ചെത്തി നിന്നു.
ബാംഗ്ലൂര്‍ മെട്രോയിലെ പ്രശസ്തരായ “പട്ടിപിടുത്ത സ്ക്വാഡ്”
ചാടിയിറങ്ങി പുലികളി തുടങ്ങി.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കിട്ടാവുന്ന പട്ടികളെയെല്ലാം
ഓടിച്ചിട്ട് കുരുക്കിട്ട് പിടിച്ച് വണ്ടിയില്‍ കയറ്റി സ്ക്വാഡ് മടങ്ങി.

പട്ടിശല്യമൊഴിഞ്ഞ കാമ്പസില്‍ കമിതാക്കള്‍ പാതിരാ വരെ
“പീക്കബൂ“ കളിച്ചു നടന്നു.

പക്ഷെ....തുമ്പയില്‍ നിന്നും വിട്ടിരുന്ന റോക്കറ്റുകള്‍ പോലെ,
പട്ടികള്‍ പോയതു പോലെ തന്നെ തിരിച്ചു വന്നു.
മുന്‍പ് എഴുതിയ കാര്യങ്ങള്‍ (കാര്‍ട്ടൂണ്‍ ഒഴിച്ച്) എല്ലാം അതേപടി ആവര്‍ത്തിക്കപ്പെട്ടു.

പട്ടിസ്ക്വാഡിന്റെ വണ്ടി വന്നു.
പട്ടികളെ കുരുക്കിട്ട് പിടിച്ചു കൊണ്ടു പോയി.
കമിതാക്കള്‍ “പീക്കബൂ” കളിച്ചു.
പട്ടികള്‍ പൂര്‍വ്വാധികം ഉന്മാദത്തോടെ തിരിച്ചു വന്നു.

ഈ കലാപരിപാടി ഒരു മെഗാസീരിയല്‍ മട്ടില്‍ തുടരുന്നതിന്നിടയില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി.

അന്നൊരു ദിവസം പതിവു പോലെ കോര്‍പ്പറേഷന്‍ വക വാഹനം
വലിയ ഒച്ചപ്പാടോടെ വന്നു നിന്നു.
അജ്ഞാതമായ ഏതോ ഉള്‍വിളിയിലെന്ന പോലെ,
പട്ടികള്‍ കൂട്ടമായി വന്ന് ആവേശത്തോടെ വണ്ടിയില്‍ ഇടിച്ചു തള്ളിക്കയറി.
വണ്ടി വിട്ടുപോകുമ്പോള്‍ പട്ടികള്‍ സന്തോഷത്തോടെ ‘ബെല്ലാരി രാജാ‘ ശൈലിയില്‍ പറഞ്ഞത് (കന്നടയില്‍) എതാണ്ടിങ്ങനെ ..

“യെശ്വന്ത് പുരം വരെ വല്ലപ്പോഴും കിട്ടണ ഈ ഫ്രീ റൈഡ് അടിപൊളി തന്നണ്ണാ...!!“